Followers

Sunday, 10 June 2018

സ്നേഹം പ്രകടിപ്പിക്കുക


പല സ്ത്രീകളും പറയാറുണ്ട്, 'ഞാൻ എന്റെ ഹൃദയവേദനകൾ ഭർത്താവിനോട്‌ പറയുമ്പോൾ അദ്ദേഹം അതുകേട്ട് ഒന്ന്‌ മൂളുകയല്ലാതെ തിരിച്ച്‌ ഒരാശ്വാസവാക്കുപോലും പറയാറില്ല. അല്പംപോലും സ്നേഹം എന്നോടു കാണിക്കാറില്ല.' അതിനെക്കുറിച്ച് അവരുടെ ഭർത്താക്കന്മാരോട് ചോദിച്ചാൽ അവർ പറയും, 'അങ്ങനെയല്ല, എനിക്കവളോട്‌ നിറഞ്ഞ സ്നേഹമാണ്. പക്ഷേ, അവൾക്ക് എപ്പോഴും പരാതിപറയാനേ നേരമുള്ളൂ.' ഇരുവരുടെയും ഉള്ളിൽ സ്നേഹമുണ്ടെങ്കിലും അതിന്റെ പ്രയോജനം ലഭിക്കുന്നില്ല. താമസിക്കുന്നത് നദിക്കരയിലായിട്ടും വെള്ളം കിട്ടാതെ ദാഹിച്ച്‌ മരിക്കുന്നതുപോലെയാണിത്. യഥാർഥത്തിൽ എല്ലാവരുടെയും ഉള്ളിൽ സ്നേഹമുണ്ട്. പക്ഷേ, പ്രകടിപ്പിക്കാത്ത സ്നേഹം കല്ലിനുള്ളിലെ തേൻ പോലെയാണ്. അതിന്റെ മാധുര്യം നമുക്ക്‌ രുചിക്കാൻ കഴിയില്ല. നമുക്കാർക്കും പരസ്പരം ഹൃദയം അറിയാൻ കഴിയാത്ത സ്ഥിതിക്ക് സ്നേഹം ഉള്ളിൽവെച്ചുകൊണ്ടിരുന്നാൽമാത്രം പോരാ. പുറമേക്ക് വാക്കിൽക്കൂടിയും പ്രവൃത്തിയിൽകൂടിയും പ്രകടിപ്പിക്കുകതന്നെ വേണം. പരസ്പരം ഉള്ളുതുറന്ന്‌ സ്നേഹിക്കണം. സ്നേഹം പരസ്പരം പങ്കുവയ്ക്കാൻ കഴിയണം. ഒരിക്കൽ ഒരു സന്ന്യാസി ഒരു ജയിൽ സന്ദർശിച്ചു. അവിടെയുണ്ടായിരുന്ന ജയിൽപ്പുള്ളികളുമായി അദ്ദേഹം സൗഹാർദം പങ്കുെവച്ചു. കൗമാരപ്രായക്കാരനായ ഒരു കുട്ടിയും അവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു. അവന്‌ സംഭവിച്ച വിധിയെക്കുറിച്ചോർത്ത് അദ്ദേഹത്തിന്റെ ഹൃദയം ആർദ്രമായി. അദ്ദേഹം അവന്റെ സമീപത്തുചെന്ന് തോളിൽ സ്നേഹപൂർവം കൈെവച്ച്‌ പുറത്ത്‌ തലോടിക്കൊണ്ട്‌ ചോദിച്ചു, ''എന്റെ കുട്ടീ, ഈ കുറ്റവാളികളുടെ കൂട്ടത്തിൽ നീ എങ്ങനെ വന്നുപെട്ടു?'' അവന്റെ കണ്ണുകൾ നിറഞ്ഞുതുളുമ്പി. അവൻ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു, ''എന്റെ ചെറുപ്പത്തിൽ ആരെങ്കിലും ഇങ്ങനെ എന്റെ തോളത്ത് സ്നേഹപൂർവം ഒരു കൈവയ്ക്കാനുണ്ടായിരുന്നെങ്കിൽ, വാത്സല്യപൂർവം ഒരു വാക്ക്‌ സംസാരിക്കാൻ ഉണ്ടായിരുന്നെങ്കിൽ ഞാൻ ഇന്നിവിടെ എത്തുമായിരുന്നില്ല.'' കുഞ്ഞുങ്ങൾക്ക് ബാല്യകാലത്ത് സ്നേഹം നൽകുക എന്നത് വളരെ പ്രധാനമാണ്. സ്നേഹം സ്വീകരിച്ചും തിരിച്ചുനൽകിയും വളരാൻ അവരെ പരിശീലിപ്പിക്കണം. സ്നേഹം ഹൃദയത്തിൽ ഒളിപ്പിച്ചുവയ്ക്കാനുള്ളതല്ല, വാക്കിലും നോക്കിലും പ്രവൃത്തിയിലും പ്രകാശിപ്പിക്കാനുള്ളതാണ്. സ്നേഹമാണ് കൊടുക്കുന്നവന് വാങ്ങുന്നവനേക്കാൾ സന്തോഷം നൽകുന്ന ധനം. നമ്മുടെ കൈയിലിരുന്നിട്ടും നമ്മൾ കാണാതെപോകുന്ന ധനമാണത്. അതിനാൽ നമ്മുടെ ഉള്ളിലെ സ്നേഹത്തെ നമുക്കുണർത്താം. നമ്മുടെ ഓരോ വാക്കിലൂടെയും പ്രവൃത്തിയിലൂടെയും ചലനത്തിലൂടെയും അത് ലോകത്തിൽ പ്രകടമാകട്ടെ. ജാതിയുടെയോ മതത്തിന്റെയോ കുലത്തിന്റെയോ മതിലുകൾ കെട്ടി അതിന് തടയിടാതെ അത് സർവത്ര പരന്നൊഴുകട്ടെ. ഹൃദയങ്ങൾ പരസ്പരം പുണർന്ന് ഉള്ളിലെ ആനന്ദത്തെ ഉണർത്തുകയും പങ്കുവയ്ക്കുകയും ചെയ്യട്ടെ. സ്നേഹം എല്ലാ ജീവജാലങ്ങളെയും തഴുകിയൊഴുകട്ടെ. അപ്പോൾ ഈ ഭൂമിയും നമ്മുടെ ജീവിതവും ധന്യമാകും.

No comments:

Post a Comment