Followers

Friday, 8 June 2018

നസ്വ്‌റുബ്‌നുല്‍ ഹജ്ജാജിന്റെ കഥ
ഒരിക്കല്‍ രാത്രി ഉമര്‍ (റ) വഴിയിലൂടെ നടക്കുമ്പോള്‍ ഒരു വീട്ടില്‍ നിന്നും പ്രണയപാരമ്യതയില്‍ ലയിച്ച് പാട്ടു പാടുന്ന ഒരു സ്ത്രീ ശബ്ദം കേള്‍ക്കാനിടയായി. നസ്വ്‌റുബ്‌നുല്‍ ഹജ്ജാജ് എന്ന സുന്ദരനായ യുവാവിനെ തനിക്ക് ഭര്‍ത്താവായി ലഭിച്ചിരുന്നെങ്കില്‍ എന്ന ആഗ്രഹം കവിതയില്‍ പ്രകടമായിരുന്നു. കോപാകുലനായ ഉമര്‍ പിറ്റേന്ന് ഹജ്ജാജിനോട് വരാന്‍ ആവശ്യപ്പെട്ടു. അയാളുടെ സൗന്ദര്യം കണ്ടപ്പോള്‍ ഉമര്‍ പറഞ്ഞു. 'നിന്നെക്കുറിച്ച് പാടി കാലം കഴിക്കുന്ന സ്ത്രീകള്‍ ഇവിടെയുണ്ടാവാന്‍ പാടില്ല. അതിനാല്‍ ബൈത്തുല്‍മാലില്‍ നിന്നും ഇഷ്ടമുള്ള സംഖ്യയെടുത്ത് ബസ്വറയിലേക്കു പോവണമെന്നാവശ്യപ്പെട്ടു'. സ്വന്തം നാടുവിട്ടു പോവാനാവശ്യപ്പെടുന്നത് എന്നെ കൊല്ലുന്നതിന് സമമാണ് എന്ന് അയാള്‍ പറഞ്ഞു. തന്റെ കാരണത്താല്‍ നസ്വര്‍ നാടുകടത്തപ്പെട്ടു എന്നറിഞ്ഞ ആ പെണ്ണ് ഹൃദയം പൊട്ടി വീണ്ടും പാടി. 'എന്റെ സദാചാര ബോധവും ചാരിത്ര്യ സംരക്ഷണവും ദൈവഭയവുമുള്ളതിനാലാണ് ഞാന്‍ ഈ വേര്‍പാടിനുമുന്നില്‍ പിടിച്ചു നില്‍ക്കുന്നതെന്ന' അവളുടെ വാക്കുകള്‍ ഉമറിന്റെ കണ്ണുകള്‍ സജലങ്ങളായി. 'ദൈവഭക്തിയിലും ചാരിത്ര്യ ബോധത്തിലും സ്‌നേഹത്തെ തളച്ചവര്‍ എത്ര അനുഗ്രഹീതര്‍' എന്നദ്ദേഹം ആത്മഗതം ചെയ്തു.

നിഷിദ്ധമായ ബന്ധത്തിലേക്കു നീങ്ങാതെ സദാചാരബോധം കാത്തുസൂക്ഷിക്കുന്നവര്‍ക്ക് മാതൃകയായി യൂസുഫ് നബിയെ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നതായി കാണാം. മറ്റൊരു പ്രവാചക വചനത്തില്‍ ഗുഹയിലകപ്പെട്ട് പോയ മൂന്ന് പേരില്‍ ഒരാള്‍ രക്ഷക്കായി ദൈവത്തോടു പ്രാര്‍ത്ഥിച്ചത്, ചൂഷണത്തിന് അവസരമുണ്ടായിട്ടും സദാചാരം കാത്തു സൂക്ഷിച്ച ജീവിതാനുഭവം മുന്നില്‍ വച്ചാണ്.

മാംസനിബദ്ധമായ പ്രണയമാണ് പലപ്പോഴും വില്ലന്‍മാരാകുന്നത്. പ്രണയമെന്ന വികാരത്തെ കേവലം ശാരീരികാവസ്ഥയുടെ അളവുകോലില്‍ കണക്കാക്കുമ്പോഴാണ് യൂസുഫിന്റെ കാര്യത്തില്‍ രാജാവിന്റെ ഭാര്യക്ക് പറ്റിയ ഭീമാബദ്ധം സംഭവിക്കുന്നത്. അപകടരമായ അവസ്ഥയിലേക്കാണ് അത്തരം പ്രണയങ്ങള്‍ പതിക്കുന്നത്.

ഏതു വിധത്തിലുള്ള പ്രണയമാണ് നമ്മള്‍ കൊതിക്കുന്നത്? ഹൃദയങ്ങളെ നന്മയിലേക്ക് പരിവര്‍ത്തിപ്പിക്കുന്ന പ്രണയം! ഏറ്റവും വിശുദ്ധമെന്ന് ലോകം വിധിയെഴുതുന്ന, ചരിത്രത്താളുകളില്‍ ഇടം പിടിക്കുന്ന വിധം പ്രണയിച്ചവര്‍ പരിവര്‍ത്തിക്കപ്പെടുമ്പോഴാണ് പ്രണയം സഫലമാവുന്നത്.

തുഫൈല്‍ ബിന്‍ ആമിറിന്റെയും കാമുകിയുടെയും  പ്രണയം എന്തെന്നറിയാത്തവര്‍ പ്രണയം ശരിക്കറിഞ്ഞിട്ടുണ്ടാവില്ല. ഇസ്‌ലാം സ്വീകരിച്ച തുഫൈലിനടുത്തു വന്ന ഭാര്യയെ തടഞ്ഞു കൊണ്ട്  അദ്ദേഹം പറഞ്ഞു. എനിക്കും നിനക്കുമിടയില്‍ പ്രണയം തുടരണമെങ്കില്‍ നീ എന്റെ കൂടെ ഇസ്‌ലാം സ്വീകരിച്ചേ മതിയാവൂ എന്ന നിബന്ധനവച്ചിട്ടാണ്. അദ്ദേഹം ഭാര്യയെ ഇസ്‌ലാമിക ജീവിത രീതിയിലേക്ക് ക്ഷണിച്ചത് അപ്രകാരമായിരുന്നു. എത്ര വിശുദ്ധ പ്രണയം! ദൈവത്തിലേക്കെത്തുന്ന പ്രണയം. സ്വര്‍ഗം വരെ നീളുന്ന അനുരാഗം!

ലോകത്ത് ഏറ്റവും മികച്ച മഹ്‌റ് നല്കിയത് ഉമ്മു സുലൈം ആണ്. തന്റെ ഭര്‍ത്താവിന്റെ മരണശേഷം, അബൂത്വല്‍ഹ എന്ന അവിശ്വാസി തനിക്ക് വിവാഹ ആലോചനയുമായി വന്നപ്പോള്‍ പൊന്നും പണവും ഭൗതികസൗകര്യങ്ങളൊന്നും ആവശ്യപ്പെടാതെ അവര്‍ കാംക്ഷിച്ചത് അദ്ദേഹം മുസ് ലിമാവണം എന്ന അതിവിശിഷ്ട മഹ്‌റ് മാത്രമായിരുന്നു. അങ്ങിനെ സ്വന്തം ചുണ്ടുകളില്‍ നിന്നും ചൊല്ലിക്കേട്ട ശഹാദത്ത് കലിമ മഹ്‌റായി സ്വീകരിച്ച ഉമ്മുസുലൈമിന്റെ പ്രണയം. എന്നും ഒളിമങ്ങാതെ ചരിത്രത്താളുകളെ പ്രകാശപൂരിതമാക്കുന്നു ആ സംഭവം.

പ്രണയം മുളപൊട്ടുന്നത് എവിടെയെന്നറിയല്ലായിരിക്കാം. പക്ഷെ പ്രണയം ആനന്ദപൂര്‍ണ്ണമായ വിവാഹത്തില്‍ ചെന്നെത്തുമ്പോഴേ  ഇസ്‌ലാമിക ദൃഷ്ട്യാ ആ പ്രണയം സാക്ഷാല്‍ക്കരിക്കപ്പെട്ടു എന്ന് പറയാന്‍ സാധിക്കൂ.

No comments:

Post a Comment