''ഞാനവളെ സ്നേഹിക്കുന്നുഎന്നാല്‍ എന്തുകൊണ്ട് ഞാനവളെ സ്നേഹിക്കുന്നു വെന്നതിന് എന്റെ ചിന്തക്ക് ഉത്തരമില്ല.എനിക്ക് അതറിയണമെന്നുമില്ല. എന്റെ ആത്മാവിലും ഹൃദയത്തിലും ഞാനവളെ സ്നേഹിക്കുന്നുഅത്രമാത്രം'' ഖലീല്‍ ജിബ്രാന്‍
സ്നേഹമെന്ന തീഷ്ണ വികാരം മനുഷ്യജീവിത്തിലെ മഹാരഹസ്യങ്ങളിലൊന്നാണ്. അതില്‍ പ്രണയമെന്നതോ പൂര്‍ണ്ണമായും മനസ്സിലാക്കാനോ, വിശദീകരിക്കാനോ കഴിയാത്ത, നമ്മളെ വല്ലാതെ കുഴയ്ക്കുന്ന ഒരത്ഭുത പ്രതിഭാസവും.
ഏറെ വൈജാത്യങ്ങളുള്ള സ്നേഹബന്ധങ്ങള്‍ മനുഷ്യര്‍ക്കിടയില്‍ ഇന്ന് നിലനില്‍ക്കുന്നുണ്ട്. മനുഷ്യപരിണാമത്തിന്റെ ഇടയില്‍ എപ്പോഴോ ഉടലെടുത്ത പ്രണയമെന്ന വികാരാനുഭവത്തെ മേറ്റേത് സ്നേഹബന്ധങ്ങളില്‍ നിന്നും വേര്‍തിരിച്ച് കാണേണ്ടതുണ്ട്.
പ്രണയമോ, പ്രണയാനുഭവങ്ങളോ ഇല്ലാത്തവരായി ആരും തന്നെയില്ല. സ്വന്തം പ്രണയത്തെ തുറന്ന് പറയാനിഷ്ടപ്പെടാതെ, പ്രണയാനുഭവങ്ങള്‍ മനസ്സില്‍ കൊണ്ടു നടക്കുന്നവരെങ്കിലും ഉണ്ടാകുമെന്നുറപ്പാണ്. മറ്റാര്‍ക്കും പങ്ക് വെച്ച് കൊടുക്കാനാകാത്ത ഒരു സ്വകാര്യ അനുഭവമായി അത് പലപ്പോഴും നമ്മുടെ മനസ്സിനെ വീര്‍പ്പുമുട്ടിച്ചുകൊണ്ടിരിക്കുന്നു.
പ്രണയം പോലെ മനസ്സിന് സന്തോഷവും, ആഹ്ലാദവും തരുന്ന മറ്റൊരു വികാരാനുഭവവും ഇല്ലായെന്ന് തന്നെ പറയാം. എന്നാല്‍ എന്തുകൊണ്ടാണ് ഒരു വ്യക്തിയോട് മാത്രം വല്ലാത്ത അടുപ്പം തോന്നുന്നത്? മണിക്കൂറുകളോളം ഫോണില്‍ സംസാരിച്ചിട്ടും മതി വരാത്തത്? പ്രണയിനിയോടൊപ്പമുള്ള നിമിഷങ്ങള്‍ ഒരിക്കലും അവസാനിക്കരുതേ എന്ന് നാം ആഗ്രഹിക്കുന്നത് ? കൗതുകം നിറഞ്ഞ ഇത്തരം ചോദ്യങ്ങള്‍ ചോദിക്കാത്തവരായി ആരും തന്നെയുണ്ടാകില്ല.
എന്നാല്‍ ഇത്തരം ചോദ്യങ്ങളെ പലപ്പോഴും ശാസ്ത്രീയമായ കാഴ്ചപ്പാടോടെ മനസ്സിലാക്കാനോ വിശദീകരിക്കാനോ ശ്രമിക്കാതെ വെറുമൊരു വൈകാരിക അനുഭവമായി തള്ളിക്കളയുകയാണ് പതിവ്. പ്രണയ തിരസ്‌കരണം കൊലപാതകത്തിലേക്കും, ആത്മഹത്യയിലേക്കും എത്തിച്ചേരുന്ന ആ കാലഘട്ടത്തില്‍ പ്രണയത്തെ സംബന്ധിച്ച് നിലനില്‍ക്കുന്ന പരമ്പരാഗത വിശ്വാസങ്ങളെ മാറ്റിവെച്ച് എന്തുകൊണ്ടാണ് മനുഷ്യന്‍ പ്രണയത്തിനുവേണ്ടി ജീവിതം തന്നെ അവസാനിപ്പിക്കാന്‍ തയ്യാറാകുന്നതെന്ന് ശാസ്ത്രീയമായി അന്വേഷിക്കേണ്ടതുണ്ട്.പ്രണയവും മസ്തിഷ്‌കവും.
പ്രണയത്തെപ്പറ്റിയും, മനുഷ്യന്റെ ലൈംഗികതയെപ്പറ്റിയും നിരവധി പഠനങ്ങള്‍ നടത്തിയിട്ടുള്ള ആന്ത്രപ്പോളജിസ്റ്റാണ് റുട്ട്ഗ്രസ് (Rutgers) യൂണിവേഴ്സിറ്റിയിലെ ഹെലന്‍ ഫിഷര്‍ (Hellen Fisher) പ്രണയത്തിന് പിന്നിലുള്ള മസ്തിഷ്‌കത്തിന്റെ വഴിച്ചാലുകളെ കണ്ടെത്തുന്നതിനായി ഹെലന്‍ നടത്തിയ പരീക്ഷണം രസകരമാണ്. Why w-e loe എന്ന പുസ്തകത്തിലൂടെ ഹെലന്‍ തന്റെ പരീക്ഷണം വിവരിക്കുന്നുണ്ട്.
ഹെലന്‍ തന്റെ പരീക്ഷണങ്ങള്‍ക്കായി തിരഞ്ഞെടുത്തത് ഒരു കൂട്ടം ഗാഢപ്രണയിതാക്കളെ തന്നെയായിരുന്നു. ഇവരെ ഓരോരുത്തരേയും കുറച്ച് സമയത്തേക്ക് അവര്‍ പ്രണയിക്കുന്ന വ്യക്തിയുടെ ഫോട്ടോയിലേക്ക് നോക്കി ഇരിക്കാന്‍ അനുവദിച്ചു. തുടര്‍ന്ന് പ്രണയ ചിന്തകള്‍ മനസ്സില്‍നിന്നു മായ്ക്കാന്‍ ചില കണക്കുകള്‍ നല്‍കി.
അല്പനേരത്തിന് ശേഷം ഒട്ടും താല്പര്യമില്ലാത്ത ഒരു പരിചയക്കാരന്റെ ഫോട്ടോയാണ് നല്‍കിയത്. ഓരോ ഫോട്ടോയിലേക്കും നോക്കുമ്പോഴും മസ്തിഷ്‌കത്തില്‍ ഉണ്ടാകുന്ന വ്യതിയാനങ്ങള്‍ മാഗ്‌നറ്റിക്ക് റെസോണന്‍സ് ഇമേജിംഗ് (MRI) ഉപയോഗിച്ച് കൃത്യമായി രേഖപ്പെടുത്തിക്കൊണ്ടിരുന്നു.
പ്രണയിക്കുന്ന ആളുടെ ചിത്രത്തിലേക്ക് നോക്കിയിരുന്ന കമിതാക്കളുടെ വെന്‍ട്രല്‍ ടഗ്മെന്റ് ഏരിയാ, ന്യൂക്വിയസ് അക്യുബെന്‍സ് എന്നിവ കൂടുതല്‍ പ്രവര്‍ത്തനക്ഷമമായിരുന്നുവെന്ന് കണ്ടെത്തി. കൊക്കെയിന്‍ പോലുള്ള മയക്കുമരുന്നുകള്‍ കഴിക്കുമ്പോള്‍ ഉത്തേജിതമാകുന്ന അതേ മസ്തിഷ്‌ക ഭാഗങ്ങള്‍ തന്നെയാണ് പ്രണയത്തിന് പിന്നിലെന്നും ഹെലെന്‍ കണ്ടെത്തി.
പ്രണയമെന്നത് മാനസികമായ കീഴടങ്ങലിലേക്ക് എത്തിക്കുന്നതിന് പിന്നിലുള്ള മസ്തിഷ്‌ക്ക പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തി പ്രണയമെന്നത് മനുഷ്യനെ മയക്കുന്ന കറുപ്പെന്ന് തന്നെ പറയേണ്ടി വരും. ആദ്യ പ്രണയത്തെ മറക്കാന്‍ കഴിയാത്തതും, ഇഷ്ടപ്പെട്ടു പോയതിനെ എന്ത് വിലകൊടുത്തും കൈക്കലാക്കാനും നമ്മെ പ്രേരിപ്പിക്കുന്നത് വെന്‍ട്രല്‍ ടെഗ്മെന്റ് ഏരിയയും ന്യൂക്വിയസ് അക്യുബെന്‍സും കൂടിച്ചേര്‍ന്നാണ്.
ഈ രണ്ട് മസ്തിഷ്‌ക ഭാഗത്തിന് പുറമേ, കൗഡേറ്റ് ന്യൂക്ലിയസ് എന്ന മസ്തിഷ്‌ക ഭാഗവും പ്രണയാനുഭവങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഹെലന്‍ പറയുന്നു. പ്രണയിക്കാനുള്ള പ്രേരണ നല്കുന്ന മസ്തിഷ്‌ക ഭാഗമാണ് കൗഡേറ്റ് ന്യൂക്ലിയസ്. അനുരാഗത്തിലേക്കു നമ്മെ കൊണ്ടെത്തിക്കുന്നതിനു പിന്നില്‍ മസ്തിഷ്‌കത്തിലെ ന്യൂറോ ട്രാന്‍സ്മിറ്ററുകള്‍ ഒരു പ്രധാന പങ്കുവഹിക്കുന്നുണ്ട്.
No comments:
Post a Comment